Monday 7 January 2013

പിറക്കാത്ത മകളോട്




പിറക്കാത്ത മകളെ നിനക്കായ്,

ഇന്നേ കണ്ണീര്‍ പൊഴിക്കുന്നു പൊന്നെ

മാനം കാക്കാന്‍ കഴിയാത്ത മണ്ണില്‍

പിറക്കാതെ മകളെ പൊന്നെ

പെണ്ണായി പിറക്കാതെ പൊന്നെ,

ഈ മണ്ണില്‍ പെണ്ണായി പിറക്കാതെ പൊന്നെ

പെണ്ണായി പിറന്നാള്‍ മാനം കാക്കാന്‍

കല്ലായി തീരടി പൊന്നെ.



Wednesday 9 May 2012

ആശംസ







 ഇനിയും നിറയുന്നതെന്തേ മിഴികള്‍ 
 ഇനിയും നിറയുന്നതെന്തേ  
 ഒരു കുളിര്‍ തണലായി അണഞ്ഞില്ലേ ഞാന്‍
 ഒരു സാന്ത്വനം ആയി പെയ്യിതില്ലേ 
 ഇനിയാ ചുണ്ടില്‍ പുഞ്ചിരി വേണം 
 നുണക്കുഴി കവിളില്‍ കുസൃതി വേണം                                                             
 വരുവാനുള്ള ഒരാള്‍ക്കായ്‌ തപസ്സു വേണം  
 നിന്‍റെയാ കണ്‍കളില്‍ കനവു വേണം
 കവിതകള്‍ വിടരുന്ന കനവു വേണം                                                                                                 

Tuesday 1 May 2012

ചിതലരിച്ച മോഹങ്ങള്‍


കടല്‍ കടന്ന മോഹങ്ങള്‍ 
മണല്‍ വിരിച്ച ഭൂമിയില്‍ ചിതലരിച്ചു 
എന്നിലെ പേ പിടിച്ച കിനാവുകള്‍ 
അറബി കഥയിലെ ഭൂതത്തിന്‍റെ-
ശാപമോക്ഷത്തിനായി കാത്തു.
ഇവിടെ ചിലപ്പോള്‍ കാറ്റും തീ തുപ്പും 
ചുട്ടു പഴുത്ത കനലുകളില്‍ പച്ച മാംസം -
എല്ലോടെ ഉരുകുമ്പോള്‍ 
തറവാട് ഭിത്തിയിലെ ദൈവങ്ങള്‍ 
വരം തരാന്‍ മറന്നു പോയി 
അവരെ കുറ്റം പറയരുതല്ലോ 
അവരും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു 

Wednesday 25 April 2012

ഒരു നഷ്ടബോധം



ഒടുവില്‍ ഏതോ വസന്തത്തില്‍ 
ഞങ്ങളുടെ പ്രണയവും പൂത്തു, കായിച്ചു.
അങ്ങ് അകലെ ഒരു കൊടുംങ്കാറ്റിന്‍ -
പോര്‍വിളി ഞങ്ങള്‍ കേട്ടു,
അവള്‍ പറഞ്ഞു നമ്മുടെ പ്രണയത്തെ 
അയലത്തെ  മാവില്‍ കെട്ടി തൂക്കാന്‍  
മരത്തില്‍ കയറാന്‍ എനിക്ക്അറിയാത്തതു-
കൊണ്ട് അവള്‍ ഇന്നും ജീവിക്കുന്നു
എന്‍റെ മിഴികളുടെ നനവായി,
അയലത്തെ വീട്ടിലെ കുടുംബിനിയായി  

ഒളിച്ചോട്ടം

പ്രണയത്തിന്‍ ഒടുവില്‍ അവര്‍ ഒന്നാകാന്‍ തീരുമാനിച്ചു. 
ഒളിച്ചോട്ടത്തിനുള്ള  ബസ്‌ സ്റ്റേഷനിലെ കാത്തിരുപ്പുകള്‍ക്കിടയില്‍
എപ്പോഴോ അവള്‍ അവന്‍റെ  മണിപേഴ്സും അതിലെ രണ്ടു പത്തു രൂപ 
നോട്ടും കണ്ടു. അതിലേ ഒരു പത്തു രൂപ  നോട്ടും വാങ്ങി അവള്‍ നടന്ന്
അകന്നു, അവളുടെ നാട്ടിലേക്കുള്ള  ബസിനു അടുത്തേക്ക്.

Monday 23 April 2012

വീണ്ടും ഒരു കനവ്‌




എന്നിലൊരു കനവ്‌ ജനിക്കുന്നു വീണ്ടും 

നിശബ്ദമായി വളരുന്നു എന്നിലത് വേഗം 

തെക്കെ പറമ്പിലൊരു മാവു ഉലയുന്നു

ചുവട്ടില്‍ ഒരു കോടാലി മൂര്‍ച്ച തന്‍ ശബ്ധമുയരുന്നു

കരി മേഘം പൊഴിയാന്‍ കാത്തു നില്‍ക്കുന്നു 

കാറ്റ് അതു അലസ്സമായി വീശിയകറ്റുന്നു

മങ്ങിയ മദ്ധ്യാന വെയിലിലൊരു കൂട്ടം 

തൂമ്പയാല്‍ മണ്ണ് കിളച്ച്‌ അകറ്റുന്നു 

ഓലയാല്‍ മറച്ചൊരു പന്തലിന്‍ താഴെ 

ഒരു പറ്റം ആളുകള്‍ കാത്തു നില്‍ക്കുന്നു 

ഉള്ളില്‍ നിന്ന് ഒരു പിടി നിലവിളി ഉയരുന്നു 

തോരാത്ത മിഴികള്‍ തന്‍ എണ്ണം ഏറുന്നു 

എണ്ണ കുടിക്കുന്ന ചെമ്പന്‍ വിളക്കുകള്‍ 

നാലുകെട്ടിന്‍ കോണില്‍ കത്തി ജ്വാലിക്കുന്നു

രാമായണം ചൊല്ലി വരണ്ടൊരു തൊണ്ടകള്‍ 

ഉമ്മറകൊലായിൽ കുടിനീര് തേടുന്നു 

മുറ്റത്തു തിക്കുന്ന പരിചിതര്‍ക്കിടയില്‍ 

മുറ്റിയ വഴയില കീറില്‍ വെള്ള പുതപ്പിച്ച എന്നെ കിടത്തി 

ഒരു കോണില്‍ നില്‍ക്കുന്ന  പെരുമരച്ചൊട്ടിൽ 

എന്‍റെ രക്തബന്ധങ്ങള്‍ തളരുന്ന കണ്ടു ഞാന്‍  

അലറാം മുഴക്കിയാ മണി കേട്ട് ഉണരുമ്പോള്‍ 

പൂർത്തിയാകാത്തൊരു  കനവുമായി 

ഒരു രാവു കൂടി പോയ്‌ മറഞ്ഞു  

Tuesday 10 April 2012

ഒരു പ്രണയലേഖനം

എന്‍റെ സ്നേഹിതക്ക്‌ ,
                     ദിനവും ഒരേ വീഥിയില്‍ കണ്ടു മുട്ടുന്ന നമ്മള്‍ക്കിടയില്‍ ഇങ്ങനെ ഒരുകടലാസ്സു കഷ്ണത്തിന്റെ അവശ്യകതയെ കുറുച്ച്  നിനക്ക്  സംശയം ഉണര്‍ന്നേക്കാം. ഒരു പക്ഷെ മനസ്സിന്റെ ചില വികാരങ്ങള്‍ വെളിപ്പെടുത്താന്‍ നാവിനെക്കാള്‍ നല്ലത് ഈ കടലാസ്സ് തന്നെ എന്ന് എനിക്ക്തോന്നുന്നു.    തല്‍ക്കാലം ഇതിനെ ഒരു പ്രണയലേഖനം എന്ന്  വിളിക്കാം. ആദ്യമൊക്കെ യാത്രക്ക് ഇടയില്‍ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ സഹയാത്രിക എന്നതിലുപരി മറ്റൊന്നും എനിക്ക്  അനുഭവപ്പെട്ടിരുന്നില്ല. താമസിക്കാതെ ഞാന്‍ മനസിലാക്കി ബസ്സ്‌ സ്റ്റേഷന്‍നിലും റെയില്‍വേ സ്റ്റേഷന്‍നിലും ഒക്കെ എന്‍റെ മിഴികള്‍ നിന്നെ തേടുന്നതായ്. ഒരു ദിവസം നിന്നെ കണ്ടില്ലെങ്കില്‍ മനസിന്‍റെ സമ്മിശ്ര പ്രതികരണങ്ങളുടെ അവസാനം വേദന മാത്രം ബാക്കിയാവുന്നതും ഞാനറിഞ്ഞു. ഇനി വൈകുന്നതില്‍ അര്‍ഥമില്ല എന്ന് മനസിലായത്   കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ശ്രമത്തിനു മുതിരുന്നത്. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് ഈ തൂലികയിലൂടെ അറിയിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്തൊരു ഭയം അനുഭവപ്പെടുന്നു .നിന്‍റെ ചുറ്റുപ്പാടുകള്‍ പ്രതികരിക്കും എന്നതിലുപരി നിന്‍റെ പ്രതികരണം ആണ് എന്നെ ഭയപ്പെടുത്തുന്നത്‌.  നീ എന്നെ പ്രണയിക്കണമെന്നു വാശി പിടിക്കാന്‍ ഞാന്‍ ആരുമല്ല.പക്ഷെ നീ എന്‍റെ പ്രണയം കാണാതിരിക്കരുത്  എന്ന് ഒരു അപേക്ഷ എനിക്കു ഉണ്ട്. മതവും, ജാതിയും, രക്തബന്ധങ്ങളും  എന്‍റെ    പ്രണയാഗ്നിക്ക്  മുന്പില്‍ ഒരു തടസ്സമാകില്ലെന്നു  ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ആഡംബര ലോകത്തെ അത്ഭുതങ്ങള്‍ നിനക്ക് മുന്‍പില്‍ കാഴ്ച്ചവെക്കാമെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല . നിന്‍റെ പരിമതികളും വേദനകളും മനസ്സിലാക്കി നിനക്കുമേല്‍ ഒരു സാന്ത്വനമായി വര്‍ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നോടോപ്പമുള്ള ജീവിതയാത്രയില്‍ ഒരു കുളിര്‍കാറ്റു പോലെ ഒരു തണല്‍ മരം പോലെ മരണം കീഴ്പ്പെടുത്തില്ലെങ്കില്‍ അനുഗമിക്കുമെന്നു വാക്ക് തരുന്നു .  നാവിന്‍റെ  കാണാമറയങ്ങളില്‍ മനസ്സിന്‍റെ മായാപ്രവഞ്ചം തീര്‍ക്കുന്ന പലവാക്കുകളും ഈ തൂലികയില്‍ പ്രതിഫലിപ്പിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.നിന്‍റെ മൊഴികളില്‍ ആനന്ദകരമായ ഒരു മറുപടി വിരിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മറിച്ചു ആലോചിക്കാന്‍ എന്‍റെ ആത്മവിശ്വാസം അനുവദിക്കുന്നില്ല. ഇതിനു ഒരു അവസാനം ആവശ്യമായത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല   നിര്‍ത്തുന്നു. 
                                                                   
                                                                               നിന്‍റെ സഹയാത്രികന്‍